Qatar

ഖത്തറിന്റെ 
സൗന്ദര്യ കാഴ്ചകളെക്കുറിച്ച് അറിയുന്നതിന് മുമ്പായി 
ഖത്തറിന്റെ ചരിത്രം, ഭരണം, വിസ എന്നിവയെ
ക്കുറിച്ചെല്ലാം അറിയേണ്ടതുണ്ട്.



ലോകത്തിന്റെ നെറുകയില്‍...

ഭൂ വിസ്തൃതിയില്‍ ചെറുതെങ്കിലും ലോക രാജ്യങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള രാജ്യമാണ് ഖത്തര്‍.  നിലവിലെ ഭരണാധികാരിയായ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍താനിയെന്ന ശക്തനായ ഭരണാധികാരിയുടെ നേതൃ പാടവവും കരുത്തുറ്റ നിലപാടുകളുമാണ് അന്താരാഷ്ട്ര സമൂഹത്തിൽ ഖത്തറിനെ ശ്രദ്ധേയമാക്കിയത് .
     ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാത്രമല്ല, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷവരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിലും ഖത്തർ മുൻനിരയിലാണ് . പ്രകൃതി വിഭവങ്ങളുടെ സുലഭത ഖത്തറിനെ ലോകത്തിലെ ഒന്നാമത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി രാജ്യമാക്കി മാറ്റുകയും ചെയ്തു .
      ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും മധ്യപൂര്‍വമേഖലയിലെ ഏറ്റവും വലിയ തുറമുഖമായി മാറികൊണ്ടിരിക്കുന്ന ഹമദ് തുറമുഖവുമെല്ലാം രാജ്യത്തിന്റെ പ്രധാന നാഴികകല്ലുകളാണ്. ആരോഗ്യം, വിദ്യാഭ്യാസം, കായികം, കൃഷി, പരിസ്ഥിതി, ടൂറിസം, വിദേശ വ്യാപാരം തുടങ്ങി സമസ്ത മേഖലയിലും സ്വയം പര്യാപ്തതയിലേക്ക് പ്രവേശിച്ചതിലൂടെയാണ് ഖത്തര്‍ ചുരുങ്ങിയ നാളുകള്‍ക്കിടയില്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി മാറിയത്.
      1971 സെപ്തംബര്‍ ഒന്നിനാണ് ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും പൂര്‍ണമായും ഖത്തര്‍ സ്വതന്ത്ര രാജ്യമായി മാറിയത്. ഇസ്ലാമിക് നിയമങ്ങളും ആചാരങ്ങളും പിന്തുടരുന്ന സ്വതന്ത്ര, പരമാധികാര രാജ്യമായ ഖത്തര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും പൗരന്മാരുടേയും പ്രവാസികളുടേയും അവകാശങ്ങളും സംരക്ഷിക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ നല്‍കുന്നത്. വിദ്യാഭ്യാസത്തിനും കായികത്തിനും ആരോഗ്യത്തിനും മുഖ്യപ്രാധാന്യം നല്‍കി കൊണ്ട് മധ്യപൂര്‍വ മേഖലയില്‍ ഏറ്റവും അത്യാധുനിക രാജ്യമായി മാറിയ ഖത്തറിന്റെ വളര്‍ച്ചയെ ലോക രാജ്യങ്ങള്‍ അസൂയയോടെയാണ് നോക്കി കാണുന്നതും.
    സിറിയ, ഗാസ തുടങ്ങി കലാപങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ യുദ്ധങ്ങളും കൊണ്ടു നാശോന്മുഖമായി മാറികൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പുനര്‍നിര്‍മിതിയിലും ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിലും ഖത്തര്‍ തന്നെയാണ് മുന്‍നിരയില്‍. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയില്‍ അവികസിത രാജ്യങ്ങളിലെ നിരാലംബര്‍ക്കും കൊടിയ ദാരിദ്രത്തിലൂടെ കടന്നു പോകുന്നവര്‍ക്കും ആഹാരവും വസ്ത്രവും മരുന്നും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ എത്തിക്കുന്നതിലും തീവ്രവാദത്തിനെതിരേ പോരാടാന്‍ കലാപബാധിത രാജ്യങ്ങളിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്തും ഖത്തര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോക രാജ്യങ്ങള്‍ക്ക് പോലും മികച്ച മാതൃകയാണ്.
    2022 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമെന്ന ബഹുമതിയും ഖത്തറിനാണ്. തീവ്രവാദ ബന്ധം ആരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ കര, വ്യോമ, സമുദ്ര, നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയിട്ടും പ്രതിസന്ധികളെ മറികടന്ന് അതിജീവനത്തിന്റെ പാതയിലൂടെ സമസ്ത മേഖലയിലും നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ടുള്ള ഖത്തറിന്റെ കുതിപ്പ് 2019 ജൂണ്‍ നാലിന് രണ്ട് വര്‍ഷം പിന്നിടും.
      ആരോപണങ്ങളേയും വിവാദങ്ങളേയും തള്ളികളഞ്ഞ് പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുന്ന ജനത ഒറ്റക്കെട്ടായി ഭരണനേതൃത്വത്തിന് കീഴില്‍ അണിനിരന്നതോടെ  രാജ്യത്തേയും ജനങ്ങളേയും വിവേകപൂര്‍വവും ശക്തവുമായ നിലപാടുകളിലൂടെ സംരക്ഷിച്ചു കൊണ്ട് സ്വയം പര്യാപ്തതയിലൂടെ മുന്നേറാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള ഖത്തര്‍ അമീറിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രശംസ നേടിയിരുന്നു. പ്രതിസന്ധികൾക്കിടയിലും മികച്ച അവസരങ്ങൾ ഉണ്ടെന്നു പ്രഖ്യാപിച്ചു കൊണ്ടാണ്  അമീർ ജനങ്ങൾക്ക് മുന്നോട്ട് പോകാനുള്ള പ്രചോദനം നൽകിയത്. രാജ്യത്തിൻറെ  ശക്തമായ വിദേശ നയവും ഉറച്ച നിലപാടുകളും ലോകരാജ്യങ്ങളുമായി സുദൃഢമായ സൗഹൃദവും നയതന്ത്ര ബന്ധവും കാത്തുസൂക്ഷിക്കാന്‍ അമീറിന് സഹായകമായി. രാജ്യത്തിന്റെ കരുത്തുറ്റ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയെ മറികടക്കുന്നതില്‍ ഭരണനേതൃത്വത്തിന് കൂടുതല്‍ ഊര്‍ജം നല്‍കി.


ചരിത്രത്തിലൂടെ ...




   റേബ്യന്‍ ഗള്‍ഫിന്റെ വടക്ക്-കിഴക്കന്‍ തീരത്തായി സ്ഥിതി ചെയ്യുന്ന വെള്ളത്താല്‍ ചുറ്റപ്പെട്ട ചെറു രാജ്യമാണ് ഖത്തര്‍. ദോഹയാണ് തലസ്ഥാന നഗരം. ഖത്തറിന്റെ ഏക കര അതിര്‍ത്തിയായ തെക്കന്‍ അതിര്‍ത്തി സൗദി അറേബ്യയാണ്. ബഹ്‌റൈന്‍, യു.എ.ഇ, ഇറാന്‍ എന്നിവയാണ് ഖത്തറിന്റെ സമുദ്ര അതിര്‍ത്തികള്‍. 11,521 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഖത്തറില്‍ 2018 ഒക്ടോബർ 31 അവസാനിച്ചപ്പോൾ ജനസംഖ്യ 27 ലക്ഷം കവിഞ്ഞിരുന്നു . സ്വദേശികളെ കൂടാതെ  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തുള്ളത്. 1892 ലാണ് ഖത്തറിന്റെ ആദ്യ ജനസംഖ്യ നിരക്ക് രേഖപ്പെടുത്തിയത്. മീ്ന്‍പിടുത്തവും മുത്തുവാരലുമായിരുന്നു പഴയ ഖത്തറിന്റെ ഉപജീവന മാര്‍ഗം. കടലിന്റെ ആഴങ്ങളില്‍ നിന്നും മുത്തു പവിഴവും ശേഖരിച്ചു കൊണ്ട് ആരംഭിച്ച ഖത്തറിന്റെ ജീവിതമാണ് ഇന്ന് ആധുനികതയുടേയും സമ്പന്നതയുടേയും നെറുകയിലെത്തി നില്‍ക്കുന്നത്.

     രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തി കാട്ടുന്നതാണ് ദേശീയ പതാക (അല്‍ അദാം-ലദാം).പുരാതന കാലത്ത് ഇരുണ്ട ചുമപ്പ് നിറമായിരുന്നു ദേശീയ പതാകക്ക്. രാജ്യത്തിന്റെ സ്ഥാപകനായ ഷേഖ് ജാസ്സിം ബിന്‍ മുഹമ്മദ് ബിന്‍ താനിയുടെ കൊടിയുടെ നിറമായിരുന്നു അത്. അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകമായി കണക്കാക്കുന്ന സാംസ്‌കാരിക പൈതൃകമുള്ള പുരാതന നാഗരികതയെ ആകര്‍ഷിക്കുന്ന, അപൂര്‍വ മെറൂണ്‍ നിറമാണ് ഖത്തറി ദേശീയ പതാകക്കുള്ളത്. പതാകയിലെ മെറൂണ്‍ നിറം മറ്റ് രാജ്യങ്ങളിലെ പതാകകളില്‍ നിന്നും ഖത്തറിനെ മികച്ചതാക്കുന്നു.  ലോകത്തിലെ ഏറ്റവും വിശിഷ്ടമായ, പ്രത്യേകിച്ചും അറബ് രാജ്യങ്ങള്‍ക്കിടയിലെ മികച്ച ദേശീയ പതാകകളില്‍ ഒന്നാണ് ഖത്തറിന്റേത്.
       ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ദേശീയ പതാക പൗരന്മാരില്‍ ദേശഭക്തി വളര്‍ത്തുകയും ചെയ്യുന്നു. മെറൂണും വെള്ളയും കലര്‍ന്ന നിറത്തിലുള്ള ഖത്തറിന്റെ ദേശീയ പതാക ഉയരത്തേക്കാള്‍ ഇരട്ടി വീതിയുള്ള ലോകത്തിലെ ഏക ദേശീയ പതാകയാണ്. ഒൻപത് പോയിന്റുകൾ കൊണ്ടാണ് വെള്ള നിറത്തെയും മെറൂൺ നിറത്തെയും തമ്മിൽ വേര്തിരിച്ചിരിക്കുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ രാജഭരണമുള്ള ഐക്യ രാജ്യങ്ങളിലെ ഖത്തറിന്റെ ഒന്‍പതാമത്തെ അംഗമെന്ന ഖത്തറിന്റെ സ്ഥാനം ഉയര്‍ത്തിക്കാട്ടിയുള്ളതാണ് ദേശീയ പതാകയിലെ ഒന്‍പത് പോയിന്റുകളും. അന്നത്തെ ട്രൂഷല്‍ കോസ്റ്റ് ഉടമ്പടിയില്‍ ഒമ്പതാമത്തെ അംഗമായിരുന്നു ഖത്തര്‍. ഖത്തറി-ബ്രിട്ടീഷ് ഉടമ്പടിയിലൂടെയാണ് ഖത്തര്‍ ഒന്‍പതാം അംഗരാജ്യമായി മാറിയത്. 1971-ലാണ് ഖത്തര്‍ ഐക്യരാഷ്ട്ര സഭ (യുണൈറ്റഡ് നേഷന്‍സ്)യില്‍ അംഗമായത്. ബ്രിട്ടീഷ് സംരക്ഷണം അവസാനിപ്പിച്ചുകൊണ്ട് മെറൂണും വെള്ളയും കലര്‍ന്ന ഖത്തറി ദേശീയ പതാക ഉയര്‍ന്നതിന് ശേഷമാണ് ഖത്തര്‍ ഐക്യരാഷ്ട്രസഭയില്‍ അംഗമായത്.

   അല്‍ -സലാം അല്‍ അമീരി എന്നു തുടങ്ങുന്ന ഖത്തറിന്റെ ദേശീയ ഗാനത്തിന്റെ രചയിതാവ് ഷേഖ് മുബാറക് ബിന്‍ സെയ്ഫ് അല്‍താനിയാണ്. അബ്ദുല്ലസീസ് ബിന്‍ നാസ്സര്‍ അല്‍ ഒബെയ്ദന്‍ ഫഖ്‌റുവാണ് സംഗീതം നല്‍കിയിരിക്കുന്നത്. 1996  ഡിസംബറില്‍ ഷേഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഭരണാധികാരിയായി ചുമതലയേറ്റതിന് ശേഷമാണ് ഖത്തര്‍ ദേശീയഗാനം ചിട്ടപ്പെടുത്തിയത്. ഡിസംബര്‍ പതിനെട്ടാണ് ഖത്തര്‍ ദേശീയ ദിനം. ആധുനിക ഖത്തറിന്റെ സ്ഥാപകനായ ഷേഖ് ജാസ്സിം ബിന്‍ മുഹമ്മദ് അല്‍താനി 1878 ഡിസംബര്‍ പതിനെട്ടിന് ഖത്തര്‍ ഭരണാധികാരിയായി സ്ഥാനമേറ്റതിന്റെ സ്മരണ പുതുക്കിയാണ് ദേശീയ ദിനം ആചരിക്കുന്നത്. ഖത്തറിനെ സ്വതന്ത്ര, പരമാധികാര രാജ്യമായി ഏകീകരിച്ച ശക്തനായ ഭരണാധികാരിയായിരുന്നു ഷേഖ് ജാസ്സിം.
      1976-ലാണ് അതുവരെയുണ്ടായിരുന്ന ദേശീയ മുദ്ര പരിഷ്‌കരിച്ച് നിലവിലെ മുദ്ര പുറത്തിറക്കിയത്. മഞ്ഞ വൃത്തത്തില്‍ വെള്ള നിറത്തില്‍ വളഞ്ഞ രണ്ട് വാളുകള്‍ കുറുകെ പതിപ്പിച്ചതാണ് ഖത്തറിന്റെ ദേശീയ മുദ്ര.ഇസ്ലാമാണ് ഔദ്യോഗിക മതം. അറബിക്കാണ് ഔദ്യോഗിക ഭാഷ. ഖത്തറി റിയാലാണ് ഔദ്യോഗിക കറന്‍സി. ഫാല്‍ക്കണുകളാണ് രാജ്യത്തിന്റെ ഔദ്യോഗിക പക്ഷി. അറേബ്യന്‍ ഒറിക്‌സാണ് ഔദ്യോഗിക മൃഗം. തീരപ്രദേശങ്ങളില്‍ വളരുന്ന ഖത്താഫ് ആണ് ഔദ്യോഗിക പുഷ്പം. രാജ്യത്തിന്റെ പൈതൃകത്തിന്റെ പ്രതീകമായി കണക്കാക്കുന്ന മികച്ച ഔഷധമായ സിദ്രയാണ് ഔദ്യോഗിക വൃക്ഷം.
      എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തറിന്റെ ദേശീയ കായിക ദിനം. ആരോഗ്യത്തില്‍ കായികത്തിന്റെ പ്രാധാന്യം രാജ്യത്തെ ജനതയെ ഓര്‍മപ്പെടുത്തേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞാണ് ഒരു ദിനം മുഴുവനും പ്രവാസികളേയും സ്വദേശികളേയും ഉള്‍പ്പെടുത്തി കൊണ്ട് കായിക പരിപാടികള്‍ക്കായി രാജ്യം മാറ്റി വെയ്ക്കുന്നത്. 2012 ഫെബ്രുവരിയിലാണ് പ്രഥമ ദേശീയ കായിക ദിനം ആചരിച്ചത്. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിലും പൂര്‍വിക ജീവിതത്തെക്കുറിച്ച് പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിലും പാരമ്പര്യ കായിക വിനോദങ്ങളും മതാചാരങ്ങളും ആഘോഷങ്ങളും നിലനിര്‍ത്തുന്നതിലും ശ്രദ്ധ ചെലുത്തുന്നതാണ് ഖത്തറിന്റെ സാംസ്‌കാരിക ഭൂപടം. ദോഹ (തലസ്ഥാനം), അല്‍ വഖ്‌റ, അല്‍ഖോര്‍, ദുഖാന്‍, അല്‍ ശമാല്‍, മിസൈദ്, റാസ് ലഫാന്‍ എന്നിവയാണ് പ്രധാന നഗരങ്ങള്‍.

    1970-ല്‍ താല്‍ക്കാലികമായി രൂപീകരിച്ച ഖത്തറിന്റെ പ്രഥമ ഭരണഘടനയ്ക്ക് ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ച ശേഷം 1972-ലാണ് ഭേദഗതി ചെയ്ത് പുതിയ മുഖം നല്‍കിയത്. 2004 ജൂണ്‍ എട്ടിനാണ് വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള ഖത്തറിന്റെ സ്ഥിര ഭരണഘടനയ്ക്ക് അന്നത്തെ അമീര്‍ അംഗീകാരം നല്‍കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനും എല്ലാം മികച്ച സംരക്ഷണമാണ് ഭരണഘടന നല്‍കുന്നത്.
      ഇസ്ലാമിക് നിയമങ്ങള്‍ അനുസരിച്ചാണ് രാജ്യത്തിന്റെ നിയമ നിര്‍മാണം. മന്ത്രാലയങ്ങളും സുപ്രീം കൗണ്‍സിലുകളും സര്‍ക്കാര്‍ ഏജന്‍സികളും ഉള്‍പ്പെടുന്ന ഭരണവ്യൂഹമാണ് രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിക്കുന്നത്. 45 അംഗങ്ങളുള്ള ശൂറാ കൗണ്‍സിലാണ് നിയമനിര്‍മാണം നടത്തുന്നത്. ഭരണകാര്യങ്ങളില്‍ അമീറിനെ സഹായിക്കാന്‍ മന്ത്രിസഭയും പ്രധാനമന്ത്രിയും ആറ് സുപ്രീം കൗണ്‍സിലുകളുമാണുള്ളത്. ഓരോ മന്ത്രാലയങ്ങളുടേയും ചുമതല മന്ത്രിമാര്‍ക്കാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഐക്യവും ഉദ്ഗ്രഥനവും ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. 1999-ലാണ് സെന്‍ട്രല്‍ നഗരസഭാ കൗണ്‍സില്‍ രൂപീകരണത്തിനായി തിരഞ്ഞെടുപ്പ് നടത്തിയത്.
      മാനുഷിക വികസനം, വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥ, സുസ്ഥിര പരിസ്ഥിതി, സാമൂഹിക പുരോഗതി എന്നിവയില്‍ ഊന്നിയുള്ള രാജ്യത്തിന്റെ ദേശീയ ദര്‍ശന രേഖ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഭരണനേതൃത്വം മുന്നോട്ട് നീങ്ങുന്നത്. മികച്ച നേതൃപാടവം, കാര്യക്ഷമത, സുതാര്യത, മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള സമ്പദ് വ്യവസ്ഥയുടെ കഴിവ്, മികച്ച സംഘാടനം, വിഭവങ്ങളുടെ കൃത്യവും സുസ്ഥിരവുമായ ഏകോപനം, കൃത്യമായ നടപ്പാക്കല്‍, രാജ്യത്തോടുള്ള പ്രതിജ്ഞാബദ്ധത ഇവയെല്ലാമാണ് പൊതുമേഖലയുടെ ആധുനികവത്കരണത്തില്‍ ഖത്തറിനെ വിജയപാതയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്.
      രാജ്യത്തെ പ്രവാസികളുടെ കാര്യത്തിലും വലിയ ശ്രദ്ധയാണ് ഭരണനേതൃത്വം നൽകുന്നത്.  തൊഴിൽ നിയമങ്ങളുടെ കാര്യത്തിലായാലും ആരോഗ്യ പരിചരണത്തിന്റെ കാര്യത്തിലായാലും പ്രവാസികൾക്ക് പ്രത്യേക പരിഗണ രാജ്യം നൽകുന്നുണ്ട് .കഫാല സംവിധാനം (സ്‌പോണ്‍സര്‍ഷിപ്പ്) നിര്‍ത്തലാക്കി കൊണ്ട് തൊഴിലുടമയുടേയും തൊഴിലാളികളുടേയും അവകാശങ്ങള്‍ തുല്യമായി സംരക്ഷിച്ചുകൊണ്ടുള്ള പുതിയ തൊഴില്‍ നിയമം 2016 ഡിസംബര്‍ പതിമൂന്നിനാണ് പ്രാബല്യത്തില്‍ വന്നത്. പുതിയ തൊഴില്‍ നിയമവും എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ത്തലാക്കിയതും തൊഴിലാളികള്‍ക്കായി ഇന്‍ഷുറന്‍സ് ഫണ്ട് രൂപീകരിച്ചതുമെല്ലാം തൊഴില്‍ മേഖലയില്‍ ഖത്തറിന്റെ വലിയ മുന്നേറ്റങ്ങളാണ്.



Comments

Popular posts from this blog

Tourism & Visa